വൈദ്യുതി മനുഷ്യന്റെ ഏറ്റവും വലിയ ഉപകാരിയും, അതിലുപരി അപകടകാരിയുമാണ്. എന്നാൽ ദൈനംദിനം നാം ഉപയോഗിക്കുന്ന വൈദ്യുതി എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചു ഇന്നും ജനങ്ങൾ ബോധവാന്മാരല്ല എന്നതാണ് യാഥാർഥ്യം. നല്ല വിദ്യാഭ്യാസം നൽകിയിട്ടും നമ്മുടെ കുട്ടികൾ പോലും വൈദ്യുതിയുടെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ച് അജ്ഞരാണ്. വൈദ്യുതി ബോർഡ് DSM പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വൈദ്യുതിയുടെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ചും, സംരക്ഷണത്തെ കുറിച്ചും പ്രഥമ ശുശ്രുഷയെ കുറിച്ചും വിദഗ്ധ ക്ലാസ്സുകളും മറ്റും നടത്താറുണ്ട്, എന്നാൽ വിദ്യാലയങ്ങൾക്ക് ഇത്തരം പരിപാടികളുമായി സഹകരിക്കാൻ പലപ്പോഴും മടിയാണ്. അപകടങ്ങൾ നടക്കുമ്പോൾ മാത്രമാണ് കുറച്ചു ദിവസം ഇതിനൊക്കെ പിന്നാലെയുള്ള ഓട്ടം കാണുന്നത്‌.

സുരക്ഷ ഒരു ശീലം ആകേണ്ടതാണ്, നമുക്ക് സ്വയം മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവരുടെയും സുരക്ഷയ്ക്കും അത് സഹായകമാകും.

അറിവില്ലായ്മ മൂലം ഇനിയെങ്കിലും ഒരു ജീവൻ നഷ്ടപ്പെടാനോ ഒരു കുടുംബത്തിൽ കണ്ണീർ വീഴാനോ ഇടയാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഒരു അറിവും അധികമല്ല, വൈദ്യുതിയുടെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ചും, സംരക്ഷണത്തെ കുറിച്ചും പ്രഥമ ശുശ്രുഷയെ കുറിച്ചും മറ്റുമുള്ള വിദഗ്ധ ക്ലാസ്സുകൾക്കും അവസരങ്ങൾ ഒരുക്കുക. വൈദ്യുതിയെ ഒരു നല്ല സുഹൃത്തായി മാത്രം നമുക്ക് നിർത്താം.

വാൽ : ഡ്യുട്ടിയുടെ ഭാഗമായുള്ള അനുഭവങ്ങൾ ആണ് ഈ കുറിപ്പിന്റെ പ്രേരണ, വൈദ്യുതി കണ്ണുനീരാകാതിരിക്കാൻ ഒരു കുഞ്ഞ് അറിവ് സഹായകമാകട്ടെ.