തലശ്ശേരി നഗരവും തലശ്ശേരി, മട്ടന്നൂർ, കൂത്തുപറമ്പ്, ധർമ്മടം, എന്നീ അസംബ്ലി മണ്ഡലങ്ങളിലെ 16 ഗ്രാമ പഞ്ചായത്തുകളും അടങ്ങുന്ന 14 സെക്ഷൻ ഓഫീസുകളുടെ കേന്ദ്ര ഓഫീസ് എന്ന നിലയിൽ, 2016 ആഗസ്റ്റ് മാസം 6 നു ഉദ്ഘാടനം ചെയ്യപ്പെടുന്ന തലശ്ശേരി മിനി വൈദ്യുതി ഭവനം ദീർഘമായുള്ള ജനങ്ങളുടെ നിരന്തര ആവശ്യത്തിൻറെ സാക്ഷാത്കാരമാണ്.

സർക്കസ്, കേക്ക്, ക്രിക്കറ്റ് എന്നിവയുടെ ഈറ്റില്ലമായ തലശ്ശേരിയുടെ ഹൃദയഭാഗത്ത്, അതിന്റെ പൈതൃക സമ്പത്തിനു തികച്ചും ഇണങ്ങുന്ന രീതിയിലാണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തു നിർമിച്ചിട്ടുള്ളത്. മൂന്നു നിലകളിലായി 4800 ചതുരശ്ര അടിയിൽ നിർമിച്ചിട്ടുള്ള ഈ കെട്ടിടത്തിൽ, തലശ്ശേരി നഗരം ഏകദേശം മുഴുവനായി ഉൾകൊള്ളുന്ന പതിനായിരത്തോളം ഉപഭോക്താക്കളുള്ള തലശ്ശേരി നോർത്ത് സെക്ഷൻ ഓഫീസ് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഉപഭോക്‌തൃസൗഹൃദ കാഴ്ച്ചപ്പാടിൽ താഴത്തെ നിലയിലും തലശ്ശേരി ഇലക്ട്രിക്കൽ ഡിവിഷൻ, സബ് ഡിവിഷൻ, മറ്റു അനുബന്ധ ഓഫീസുകൾ, കോൺഫെറൻസ് ഹാൾ, എന്നിവ ഒന്നും, രണ്ടും നിലകളിലായും ക്രമീകരിച്ചിരിക്കുന്നു. ഡിവിഷൻ, സബ് ഡിവിഷൻ, സെക്ഷൻ ഓഫീസ് എന്നിവ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തുക വഴി, വൈദ്യുതിയുടെ ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ എളുപ്പത്തിലും സമയനഷ്ടം കൂടാതെയും നിർവ്വഹിക്കുവാൻ സാധിക്കും.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ, തലശ്ശേരി നഗരത്തിന്റെ വൈദ്യുത വിതരണ ചുമതല നിക്ഷിപ്തമായിരുന്ന ചന്ദ്രഗിരി കമ്പനിയിൽ നിന്നും, കേരളം പിറവിയുടെ, പ്രസ്തുത ചുമതല കേരളം സർക്കാരിന്റെ നിയത്രണത്തിൽ ആകുകയും 1957നു ശേഷം കേരളം വൈദ്യുത ബോർഡ് രൂപം കൊള്ളുകയും ഈ സ്ഥലത്തു ബോർഡ് സ്വന്തം നിലയിൽ ഒരു ഇരുനില കെട്ടിടം പണി കഴിപ്പിക്കുകയും ചെയ്തു. ഈ കെട്ടിടത്തിലാണ് 2014  വരെ തലശ്ശേരി ഇലക്ട്രിക്കൽ സബ് ഡിവിഷനും തലശ്ശേരി നോർത്ത് സെക്ഷനും പ്രവർത്തിച്ചു കൊണ്ടിരുന്നത്. 50 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടം അത്യന്തം ശോച്യാവസ്ഥയിൽ ആയതിനെ തുടർന്ന് പുതിയ കെട്ടിട നിർമ്മിതി അനിവാര്യമായി തീർന്നു. എം.ജി. റോഡിനു അഭിമുഖമായും തലശ്ശേരി നഗരസഭ ആസ്ഥാനത്തോട് ചേർന്നും തലശ്ശേരി കോട്ടയുടെ പരിധിയിൽ കേന്ദ്ര പുരാവസ്തു വകുപ്പിൻറെ നിയന്ത്രണത്തിൽ വരുന്നതുമായ 14 സെൻറ് സ്ഥലത്ത് പുതിയ കെട്ടിട നിർമ്മിതിക്ക് ആവശ്യമായ അനുമതി ലഭിച്ചു. തുടർന്ന്, നഗരസഭയുടെ നിർമാണ അനുമതിയും ലഭ്യമായതോടെ കെട്ടിട നിർമ്മാണത്തിനാവശ്യമായ വിശദ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുകയും അനുമതിക്കായി സമർപ്പിക്കുകയും ചെയ്തു.

വൈദ്യുതി ബോർഡിൻറെ അനുമതിയെ തുടർന്ന് 2014 ൽ  ഉത്തരമേഖല സിവിൽ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് എഞ്ചിനീയർ ടെൻഡർ ക്ഷണിക്കുകയും തലശ്ശേരി ആസ്ഥാനമായുള്ള M/s എം.സി.ലക്ഷ്മണൻ & കോ നിർമാണ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 2015 ഏപ്രിൽ 17 നു നിർമ്മാണം ആരംഭിച്ച ഈ പ്രവൃത്തി നിശ്ചിത കാലാവധിയായ 18 മാസത്തിനുള്ളിൽ തന്നെ പൂർത്തികരിക്കുവാൻ സാധിച്ചിട്ടുണ്ട്. അനുബന്ധ വൈദ്യുതീകരണ ജോലികളും പ്രത്യേകം ടെൻഡർ വിളിച്ചു നൽകി ഈ കാലയളവിൽ തന്നെ പൂർത്തീകരിച്ചു.

1.64 കോടിക്ക് നിർമാണ കരാർ നൽകപ്പെട്ടിരുന്ന ഈ കെട്ടിടം 20 ലക്ഷത്തിലേറെ മിച്ചമുണ്ടാക്കി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു.

കേന്ദ്രപുരാവസ്തു വകുപ്പിന്റെ നിയന്ത്രണ പരിധിയിൽ വരുന്ന സ്ഥലമായതിനാൽ ഇവിടെ നിർമ്മാണത്തിന് വേണ്ട അനുമതി കേന്ദ്രത്തിൽ നിന്നും നേടിയെടുക്കുവാൻ വളരെ അധികം പ്രവർത്തനം വേണ്ടിവന്നിരുന്നു. ആയതിനൊക്കെയായി ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാ മഹനീയ വ്യകതികൾക്കും ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി.